Wednesday, April 20, 2016

പരുന്തുംപാറ - "സഞ്ചാരി" യില്‍ എഴുതിയ ഒരനുഭവകുറിപ്പ്.




അപ്രതീക്ഷിതമായി വീണുകിട്ടുന്ന അവസരങ്ങള്‍, അവ പ്രകൃതിയുടെ സ്പന്ദനങ്ങളെ തൊട്ടറിയുവാന്‍ ഉതകുന്നതുകൂടിയായാലോ....! പിന്നെയൊന്നും ആലോചിക്കാനില്ല, മുജ്ജന്മസുകൃതമെന്നു കരുതി അവയെ വാരിപ്പുണര്‍ന്നുകൊള്ളുക.....! 

അതുകൊണ്ടുകൂടിയാണല്ലോ, കഴിഞ്ഞയാഴ്ച തീര്‍ത്തും അപ്രതീക്ഷിതമായി നടത്തിയ ഒരു പശ്ചിമഘട്ട യാത്രയുടെ ചെറിയ ഏട് സംക്ഷിപ്തമായെങ്കിലും ഇവിടെ വിവരിക്കുവാന്‍ എനിക്കും സാധ്യമായത്...! കൊടൈകനാലില്‍ മുന്‍‌കൂര്‍ റിസര്‍വ് ചെയ്ത താമസസൌകര്യം അവിചാരിതമായി റദ്ദാക്കേണ്ട ഒരു സാഹചര്യം വന്നപ്പോള്‍ ഒരടുത്ത ബന്ധുവിനാല്‍ കൈമാറ്റം ചെയ്യപെട്ടു കിട്ടിയ ഒരവസരം.....പിന്നെ എല്ലാം തിടുക്കത്തിലായിരുന്നു.
തിരുവനന്തപുരത്തുനിന്നും കുടുംബസമേതം നേരെ എരുമേലി, കുമിളി വഴി, തേനി, കമ്പം ഘാട്ട് മാര്‍ഗ്ഗം കൊടൈകനാലിലേക്ക് പോകാനായിരുന്നു ഉദ്ദേശം. പക്ഷെ മുണ്ടക്കയത്തുള്ള ജ്യേഷ്ഠതുല്യനായ സുഹൃത്ത്, ശ്രീ സാബു സഹദേവന്‍റെ സ്നേഹക്ഷണത്തിനു മുന്നില്‍ കീഴടങ്ങേണ്ടതായി വന്നതാണ്, ഒരുപക്ഷെ സഞ്ചാരിയുടെ വായനക്കാര്‍ക്ക് സുപരിചിതവും, ഇതിനുമുമ്പ് ഇവിടെ പലതവണ വിവരിച്ചിട്ടുള്ളതുമായ ഒരു പ്രദേശത്തെ അടുത്തറിയുവാന്‍ എനിക്കു സാധിച്ചത്. 

പറഞ്ഞുവരുന്നത് ഇടുക്കി ജില്ലയില്‍, പീരുമേട്ടില്‍ നിന്നും ആറു കിലോമീറ്റര്‍ മാറി കോട്ടയം-കുമളി നാഷണല്‍ ഹൈവയിലുള്ള “പരുന്തുംപാറ” എന്ന സ്വപ്നസദൃശ്യമായ സ്ഥലത്തെ കുറിച്ചാണ്. ഇപ്പോഴും പറയത്തക്ക വികസനമൊന്നും കടന്നുവന്നിട്ടില്ലാത്ത, അതുകൊണ്ടുതന്നെ പ്രകൃതിയുടെ പുഞ്ചിരി ഇനിയും മാഞ്ഞുപോയിട്ടില്ലാത്ത ഒരു സ്ഥലം. ഏലവും, ചാമ്പയും, ഓറഞ്ച് മരങ്ങളുമെല്ലാം ഇടതൂര്‍ന്നു വളര്‍ന്നു നില്‍ക്കുന്ന നാട്ടു വഴികളിലൂടെ, ദൂരെ, തേയിലത്തോട്ടങ്ങളാല്‍ പച്ച പുതപ്പിക്കപെട്ട കുന്നുകളും മലകളും കണ്ട്, ഏലത്തിന്‍റെ ഗന്ധം ആവാഹിച്ചെത്തുന്ന കാറ്റിന്‍റെ സുഖസ്പര്‍ശനമേറ്റ് നമ്മള്‍ ചെന്നെത്തിയത്, പേരിനെ അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ പരുന്തിന്‍റെ ആകൃതിയില്‍ തലയുയര്‍ത്തി നില്ക്കുന്ന “പരുന്തുംപാറ” യുടെ വിരിമാറിലാണ്. ഒരു വശത്ത്‌ കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന മോട്ടകുന്നുകളാണെങ്കില്‍ മറുവശത്ത്‌ അഗാധമായ ഗര്‍ത്തങ്ങളാണവിടെ . ചുറ്റും വീശിയടിക്കുന്ന ശക്തമായ കാറ്റേറ്റ് ഒരു നിമിഷം പ്രകൃതിയുടെ അപാരതയില്‍ ഞാന്‍ എന്നെത്തന്നെ മറന്നുനിന്നുപോയി. 

ഒരല്പം ദൂരെമാറി അനശ്വര കവി ശ്രീ രബീന്ദ്രനാഥ ടാഗോറിന്‍റെ മുഖസാദൃശ്യമുള്ളതായി പറയപ്പെടുന്ന “ടാഗോര്‍ പാറ” കാണാം. എനിക്കു പക്ഷെ, കിഴുക്കാംതൂക്കായ അഗാധ ഗര്‍ത്തങ്ങളുടെ ആഴമളക്കാനെന്നോണം ഒന്നു കഴുത്തു നീട്ടി നോക്കി, ഏതോ ശാപത്താല്‍ ശിലയായി മാറിയ ഒരു വികൃതി കുട്ടിയെപോലെയാണ് അതിനെ തോന്നിയത്. ഏതായാലും പരുന്തുമ്പാറയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ഏറ്റവും ആകര്‍ഷകമായി തോന്നുന്ന കാഴ്ച ഈ ടാഗോര്‍ പാറ തന്നെയാണെന്നു് നിസ്സംശയം പറയാം. അതുകൊണ്ടുതന്നെയാകണം സന്ദര്‍ശകരുടെ സുരക്ഷാര്‍ത്ഥം സ്ഥാപിച്ചിരിക്കുന്ന കമ്പിവേലിയില്‍ ചാഞ്ഞും ചരിഞ്ഞും കിടന്ന്‌ ചിലര്‍ തങ്ങളുടെ ക്യാമറയിലും മൊബൈല്ഫോണിലും ടാഗോര്‍ പാറ യുടെ ചിത്രം പകര്‍ത്തുന്നതു അവിടെ കണ്ടത്.. 

കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന മലനിരകളുടെ അഭൌമ നീലിമ, കണ്ണുകളില്‍ നിന്നും മനസ്സിന്‍റെ ഉള്ളറകളിലേക്ക് ഇനിയൊരിക്കലും മായാത്ത വിധം സന്നിവേശിപിച്ച്, മറ്റു സന്ദര്‍ശകരോടൊപ്പം ഞങ്ങളും ടാഗോര്‍ പാറയുടെ സമീപത്തെത്തി. ഇനിയങ്ങോട്ട് കുത്തനെയുള്ള ഇറക്കമാണ്. പ്രത്യേകിച്ച് വഴികളൊന്നുമില്ലാത്തതിനാല്‍ ഒരല്പം സാഹസികമായി, പാറകല്ലുകളില്‍ ചവിട്ടി വേണം ടാഗോര്‍ പാറയുടെ അടിവാരത്തെത്താന്‍. മിക്ക സന്ദര്‍ശകരും ഇവിടംവരെ യെത്തി മടങ്ങുകയാണ് പതിവ്. ചുരുക്കം ചിലര്‍, പ്രത്യേകിച്ചും സാഹസികരായ ചെറുപ്പക്കാര്‍ മാത്രമേ ടാഗോര്‍ പാറയുടെ കൊടുമുടിയില്‍ കയറാന്‍ തുനിയുകയുള്ളു. അതീവ ദുര്‍ഘടവും, അപകടകരവുമായ ഒരിറക്കവും പിന്നൊയൊരു കയറ്റവും.... മധ്യവയസ്സു പിന്നിട്ട ഞാനും എന്‍റെ സുഹൃത്തും ഒരു നിമിഷം ചിന്താക്കുഴപ്പത്തിലായി... ചില കൌമാരക്കാര്‍ സാഹസികമായി മുനമ്പിലേക്ക് കയറിപ്പോകുന്ന കാഴ്ച, മുന്‍ സൈനികര്‍ കൂടിയായ ഞങ്ങളുടെയുള്ളില്‍ ചില ഗദാകാല സ്മരണകളുടെ ആവേശം വാരി വിതച്ചു. പിന്നെ അതൊരാവേശമായി. ഒരല്പം ബുദ്ധിമുട്ടിയാണെങ്കിലും നമ്മള്‍ ടാഗോര്‍ പാറയുടെ മുനമ്പിലെത്തി. അവിടെനിന്ന് ചുറ്റുമൊന്നു കണ്ണോടിച്ചു. അപാരതയിലേക്ക് നീണ്ടുപോകുന്ന നീല മലനിരകള്‍, ചിലപ്പോള്‍ മേഘങ്ങളാല്‍ മാറാല മൂടിയും, ക്ഷണമേവ കാറ്റിന്‍റെ തഴുകലാല്‍ പുഞ്ചിരിതൂകിയും അവ നമ്മുക്ക് പ്രദാനം ചെയ്ത ആ ഒരനുഭൂതി, അതു വര്‍ണിക്കുവാന്‍ വാക്കുകള്‍ക്കാകുമോ.........? 

ദൂരതാഴ്വാരങ്ങള്‍ക്കുള്ള പ്രണാമം കാറ്റിനോട് പറഞ്ഞേല്‍പ്പിച്ച്, ഇത്തരം അഭൌമമായ കാഴ്ചകള്‍ തന്‍റെ നിഗൂഢ സ്രോതസ്സുകളില്‍ ഒരുക്കിവെച്ച്‌ നമ്മെ അനുഭവസുന്ദര മുഹൂര്‍ത്തങ്ങളിലൂടെ കൈപിടിച്ചു നടത്തിക്കുന്ന പ്രകൃതിയുടെ ദിവ്യ പാദങ്ങളില്‍ മനസ്സാ നമസ്ക്കരിച്ച്‌ തിരികെ നടക്കുമ്പോള്‍ മനസ്സില്‍ നാം മനുഷ്യര്‍ എത്ര നിസ്സാരന്മാരാണെന്ന് ചിന്തിച്ചുപോയി. എല്ലാം കഴിഞ്ഞ്, ഒരുപാടു് ഓര്‍മ്മകള്‍ മനസ്സിലും, അവയില്‍ ചിലത് ക്യാമറയിലും പകര്‍ത്തി മലയിറങ്ങുമ്പോള്‍ അങ്ങകലെ ചുറ്റുമുള്ള മലനിരകളെ തൊട്ടുരുമി നീലാകാശത്തോട് കിന്നാരവും പറഞ്ഞ്‌ മെല്ലെ കടന്നുപോകുന്ന നനുത്ത മേഘങ്ങള്‍ കണ്ടു. അവിടവിടെയായി കാണുന്ന പച്ചത്തുരുത്തുകളില്‍ തട്ടി തിളങ്ങുന്ന ആര്‍ക്കരശ്മികള്‍ താഴ്വാരമാകെ ഏതോ ഒരനിര്‍വചനീയമായ സൌന്ദര്യം നിറച്ചു........! അപ്പോള്‍ എന്‍റെ മനസ്സില്‍ ഒരു കവിതയുടെ ആദ്യവരികള്‍ ഉരുണ്ടുകൂടുകയായിരുന്നു..........!
ഏതോ ജന്മ പുണ്യം, നീയെന്നില്‍
പകര്‍ന്നതീ സായൂജ്യം.
കഴിഞ്ഞാലുമെത്രയോ ജന്മങ്ങള്‍
ആകുമോ മറന്നീടുവാന്‍ ഹ! വന്യതേ,
നിന്നഭൌമമീ ലാവണ്യം ...!






No comments:

Post a Comment