Tuesday, December 22, 2015

ദയാ ഭായി ...... ഇത് യുക്തമോ.......




ലോകം അങ്ങീകരിക്കുന്ന, ആദരിക്കുന്ന ഒരു സാമൂഹ്യപ്രവർത്തകയോട്, അവര്‍ അണിഞ്ഞിരുന്ന വസ്ത്രത്തിന്‍റെ പേരില്‍ രണ്ടു ബസ്സ്‌ ജീവനക്കാര്‍ നിന്ദ്യമായ ഭാഷയില്‍ സംസാരിച്ചുവെന്നും വഴിയില്‍ ഇറക്കിവിട്ടുവെന്നും അപമര്യാദയായി പെരുമാറിയെന്നും വന്ന പത്ര വാര്‍ത്തകള്‍, പ്രസ്തുത ബസ്സ്‌ ജീവനക്കാരുടെ സസ്പെന്‍ഷനില്‍ വരെ എത്തിനില്‍ക്കുകയാണിപ്പോള്‍. സ്ത്രീകളോടെന്നു മാത്രമല്ല ഒരു യാത്രക്കാരോടും അപമര്യാദയായി പെരുമാറാന്‍ ആര്‍ക്കും അധികാരമില്ല. അങ്ങിനെ സംഭവിച്ചുവെങ്കില്‍ അതിനെ അതര്‍ഹിക്കുന്ന ഗൌരവത്തോടെ ഉത്തരവാദിത്തപെട്ട മേലുദ്യോഗസ്ഥര്‍ കാണണമെന്നും, തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശനമായ അച്ചടക്കനടപടികള്‍ സ്വീകരിക്കണമെന്നും തന്നെയാണ് പൊതുവായ അഭിപ്രായം. അക്കാര്യത്തില്‍ ഒരെതിരഭിപ്രായം ഉണ്ടാകാനുമിടയില്ല. എങ്കിലും മുഴുവൻ വസ്തുതകളും മനസ്സിലാക്കികൊണ്ട് മാത്രമേ ഈ വിഷയത്തിൽ ആധികാരികമായി ഒരു അഭിപ്രായം പറയുവാന്‍ നമുക്ക് സാധിക്കുകയുള്ളൂ. വാര്‍ത്തകളില്‍ പരക്കെ പ്രതിപാദിക്കുന്നതു പോലെ, അവര്‍ ധരിച്ചിരുന്ന ഉടയാടകളുടെ നിലവാരം മാത്രം നോക്കിയാണ് ബസ്സ് ജീവനക്കാര്‍ അത്തരത്തിലുള്ള ഒരു നിലപാട് സ്വീകരിച്ചതെന്ന് വിശ്വസിക്കുവാന്‍ എനിക്കു പ്രയാസമുണ്ട്. അവര്‍ അണിഞ്ഞിരുന്ന വസ്ത്രങ്ങളേക്കാള്‍ പരിതാപകരമായ രീതിയില്‍ വസ്ത്രങ്ങളണിഞ്ഞ്‌ യാത്ര ചെയ്യുന്ന ആയിരകണക്കിന് യാത്രക്കാരെ നമ്മുടെ K.S.R.T.C ബസ്സുകളില്‍ നിത്യേന കാണുവാന്‍ കഴിയും. അവരോടെല്ലാം ഇത്തരത്തിലാണ് K.S.R.T.C യിലെ എല്ലാ ജീവനക്കാരും പെരുമാറുന്നതെന്ന് എനിക്ക് അഭിപ്രായമില്ല. അത്തരത്തിലുള്ള ചുരുക്കം ചില ഉദ്യോഗസ്ഥരെങ്കിലും ഉണ്ടെന്നുള്ള വസ്തുത വിസ്മരിച്ചുകൊണ്ടല്ല ഇതു പറയുന്നത്. ഈ സംഭവം വരേണ്യര്‍ക്കു മാത്രം പ്രവേശന സ്വാതന്ത്ര്യമുള്ള ഏതെങ്കിലും ഒരു നക്ഷത്ര ഹോട്ടലില്‍ നടന്നതല്ല. സാധാരണക്കാരുടെ യാത്രാ സംവിധാനമായ K.S.R.T.C ബസ്സില്‍ നടന്നതാണ്. അതിലെ ജീവനക്കാര്‍ കൊട്ടും സൂട്ടും ഇട്ടു സാമ്പത്തികമായി ഉന്നതിയില്‍ ജീവിക്കുന്നവരും അല്ല. അവരുടെ കുടുംബാംഗങ്ങളുടെ വസ്ത്രധാരണവും ഇതില്‍ നിന്നും ഏറെ വ്യത്യസ്തമാകുവാനും വഴിയില്ല. സൂപ്പർഫാസ്റ്റ്ബസ്സുകളില്‍ ആലുവാ ബൈപ്പാസ് കഴിഞ്ഞുള്ള ഏതുസ്ഥലത്തും ഇറങ്ങണമെങ്കിൽ ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉള്ളതായി മനസ്സിലാക്കിയിട്ടുണ്ട്. ആലുവയിൽ ബസ്സ്‌ എത്തുന്ന സമയം രാത്രി എട്ടുമണിക്കു മുന്‍പാണെങ്കില്‍, ബൈപ്പാസ് കവലയിൽ നിറുത്തി ആലുവാ വരെയുള്ള എല്ലാ ആളുകളെയും ഇറക്കുകയാണ് ചെയ്യാറുള്ളത് എന്നും വായിച്ചു. ലോകം മുഴുവന്‍ ബഹുമാനിക്കുന്ന ഒരു വ്യക്തിയെ, അവരുടെ പ്രവര്‍ത്തനമണ്ഡലം കേരളത്തില്‍ മാത്രം ഒതുങ്ങിനില്ക്കാത്തതുകൊണ്ട്കൂടിയാകാം, പലര്‍ക്കും പെട്ടെന്ന് തിരിച്ചറിയുവാന്‍ പറ്റാതത്. അങ്ങനെ സംഭവിച്ചുപോയ ഒരു തെറ്റു മാത്രമായി ഇതിനെ കണ്ട്, ഉന്നത ബിരുദങ്ങളും ആവശ്യത്തിന് ധനവുമുണ്ടായിരുന്നിട്ടും മദ്ധ്യപ്രദേശിലെ ഏറ്റവും പിന്നാക്കവിഭാഗമായ ആദിവാസികളോടൊപ്പം അവരിലൊരാളായി ജീവിച്ച് , ആദിവാസികളുടെ പരമ്പരാഗത വസ്ത്രം ധരിച്ച്, ചൂഷണത്തിനും പീഡനത്തിനും നിരന്തരം ഇരയായിക്കൊണ്ടിരുന്ന ആദിവാസികളെ സംഘടിപ്പിച്ച് അവരുടെ അവകാശങ്ങൾക്കായി പൊരുതി, എതിർപ്പുകളും മർദ്ദനങ്ങളും ഒറ്റപ്പെടുത്തലുകളും ദുരാരോപണങ്ങളും എല്ലാം സഹനത്തിന്റെയും, സഹിഷ്ണുതയുടേയും, വഴികളിലൂടെ എതിരിട്ട് ലോകത്തിന്‍റെ തന്നെ ആദരവ്‌ നേടിയ ഈ മഹത് വ്യക്തി, പ്രസ്തുത ബസ്‌ ജീവനക്കാരോടും കേരള ജനതയോടും അതേ സഹിഷ്ണുതയോടെ പൊറുക്കണമെന്നു മാത്രമേ എനിക്ക് ഇത്തരുണത്തില്‍ പറയുവാനുള്ളു. തന്‍റെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ കരുത്തോടെ മുന്നേറാന്‍ ഇതൊന്നും ഒരു പ്രതിബന്ധമാകരുത്. അവരുടെ വ്യക്തിത്വം ഇത്തരം ചര്‍ച്ചകളില്‍ വലിച്ചിഴക്കപ്പെടേണ്ട ഒന്നല്ല. ഈശ്വരന്‍ അവര്‍ക്ക് കൂടുതല്‍ ആയുസ്സും ആരോഗ്യവും നല്‍കട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു........

No comments:

Post a Comment