ഒരിക്കൽ കൂടി....
------------------------------
എന്റെയീ ജീവിതനൗകതൻ ഓരത്തിരുന്നു ഞാൻ,
സായന്തനത്തിൻ കുളിർക്കാറ്റിലലിയവേ,
ആരോ വിരൽ പിടിച്ചെന്നെയും കൂട്ടിയാ
ബാല്യകാലത്തിൻ വേരുകൾ തിരയുന്നു.
അവിടെയൊരു നടുമുറ്റമുണ്ടതിൻ നടുവിലായ് നിൽപ്പൂ ചന്തത്തിലൊരു തല്ലിതേങ്ങാമരം.
കുഞ്ഞിളം ചിറകുമായ് പിച്ചവച്ചെത്തുന്ന
കതിർക്കിളിക്കൂട്ടങ്ങൾ, അറിവിൻ ചിറകടിച്ചകലുന്നതും കണ്ട് നിൽപ്പാണ്, മൂകമൊരു മുത്തശ്ശനെപ്പോൽ.
പടവുകൾ പലതേറിച്ചെല്ലുകിൽ പിന്നിലായ്, കല്ലിൽ വിളങ്ങുമൊരു പള്ളിയുണ്ട്.
ആ പള്ളിതൻ ഓരത്ത് വൃത്തത്തിൽ വൃത്തിയിൽ ഒരുനാളും വറ്റാത്തൊരു കുളവുമുണ്ട്.
അതിനുള്ളിലിരവും പകലുമെന്നില്ലാതെ, അതിരുകൾ പരതുന്ന മീനുകൾ പലതുണ്ട്.
വയലേലകളതിരിടുമൊരു മൈതാനമുണ്ടതിൻ, ചാരെ ചുവരുകൾ കഥചൊല്ലുമൊരു ഓഡിറ്റോറിയമുണ്ട്.
മെല്ലെയാ തിരശ്ശീല ഉയരുമ്പോൾ ഉയരുന്നു ഹർഷാരവങ്ങളും നയനങ്ങളുമൊരുപോലെ...!
ഒപ്പം നടന്നവർ, ഒറ്റയ്ക്ക് നിന്നവർ
ഒന്നും പറയാതെ ഒരുനാൾ പിരിഞ്ഞവർ,
ഓർമ്മയിൽ പോലും തെളിയാതെയായവർ,
പിന്നിട്ട വഴികളിൽ ഇതളറ്റു വീണവർ.
കാലചക്രം തിരിയില്ല പിന്നോക്കം, മൃതന്മാർ മടങ്ങില്ലൊരിക്കലും ഭൂമിയിൽ.
എങ്കിലും ആശിച്ചു പോകുന്നു ഞാൻ വ്യഥാ, കൊണ്ടുപോകുമോ കാലമേ, നീയെന്നെ വീണ്ടുമാമനോജ്ഞമാം ഭൂതകാലത്തിൻ സരോവരതീരത്ത്....!
ഇനിയുമേറെയുണ്ടോർമ്മകൾ, കോർത്തുവയ്ക്കാനാകില്ലൊരു നൂലിലെന്നാലും, ഹൃദയത്തിൽ മായാതെ കാത്തിടുന്നു ഞാൻ,
എന്നുടെ ബാല്യകാലത്തിൻ സ്മരണസാഗരം....!
![]() |
| St. Mary's Pattom |

No comments:
Post a Comment